Sunday, October 25, 2009

കെ.എസ്.ടി.എ കെട്ടിടത്തിലെ

മുന്തിരിവളളികള്‍


അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന

കാലത്തിലേക്ക് സ്വപ്നം പോലെ ഒരു മുന്തിരിവളളി പടര്‍ന്നു കയറുന്നു.

സ്വപ്നങ്ങള്‍ക്കെല്ലാം ചവര്‍പ്പായതിനാലാവാം

മാധുര്യം ഉള്ളിലുറഞ്ഞു പോകരുതെന്ന മുന്നറിയിപ്പുമായി

മുന്തിരിവള്ളിക്കു കോണ്‍ക്രീറ്റു കാടുകളെ ഭേദിച്ച്

അരിച്ചു കയറേണ്ടി വന്നത്.

നി‍ഷേധത്തിന്റെ നിഷേധം

ചവര്‍പ്പിന്റെ നിരാസം

മാധുര്യത്തിന്‍റ പ്രതിരോധം

സംഘര്‍‍ഷത്തിന്റെയും

മരുഭൂവിലേക്ക് മുന്തിരിവള്ളിക്കുകയറാനാവുന്നത്

സ്നേഹത്തിന്റെ നേര്‍ത്ത നനവ്

ഉള്‍ക്കോണുകളിലെവിടെയോ

അവശേഷിക്കുന്നതു കൊണ്ടാവാം

മഞ്ഞുതുള്ളികള്‍ തിളങ്ങുന്ന പച്ചനിറത്തോടെ കുലച്ചു നില്‍ക്കുന്നത്

മുന്തിരിവള്ളികളില്‍ മാത്രമാണ്.

നിറപ്പകര്‍ച്ചകളുടെയും ഭാവപ്പകര്‍ച്ചകളുടെയുംനടുവിലേക്കു

നിറഭേദമില്ലാതെ, മുന്തിരിവള്ളി പിടിച്ചുകയറുന്നത്

നിറങ്ങളുടെ നിറഞ്ഞാട്ടങ്ങളോടുള്ള കലഹമായാണ്

കലഹങ്ങളോടുള്ള കലഹമാണത്.

കലഹത്തിനിടയിലെ സ്നേഹസാന്നിധ്യത്തെ കുറിച്ചുള്ള

ഓര്‍മ്മപ്പെടുത്തലാണ്.

ഓര്‍മ്മകളുണ്ടായിരിക്കണമെന്ന ഓര്‍മ്മപ്പടുത്തലാണ്.

സമരമാണ്... സമരത്തിന്റെ ദര്‍ശനമാണ്.